ഇന്ത്യൻ കോസ്റ്റ് ഗാർഡിലേക്ക് നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒഴിവുകൾ: 322. പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാം. എസ്.എസ്.എൽ.സി., പ്ലസ്ടു, ഡിപ്ലോമ എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം.
എഴുത്തുപരീക്ഷ 2022 മാർച്ചിൽ നടക്കും. ഐ.എൻ.എസ്. ചിൽക്കയിലാണ് പരിശീലനമുണ്ടാകുക. നാവിക് (ഡൊമസ്റ്റിക്) ബ്രാഞ്ചിന് 2022 ഒക്ടോബറിലും മറ്റ് ബ്രാഞ്ചുകളിലുള്ളവർക്ക് 2022 ഓഗസ്റ്റിലും പരിശീലനം തുടങ്ങും. നാവിക് 21,700 രൂപയും യാന്ത്രിക് 29,200 രൂപയുമാണ് അടിസ്ഥാന ശമ്പളം. മറ്റ് ആനുകൂല്യങ്ങൾ വേറെയും ലഭിക്കും.
നാവിക് (ജനറൽ ഡ്യൂട്ടി)
പ്ലസ്ടുവാണ് യോഗ്യത. കൗൺസിൽ ഓഫ് ബോർഡ്സ് ഫോർ സ്കൂൾ എജ്യുക്കേഷൻ (സി. ഒ.ബി.എസ്.ഇ.) അംഗീകരിച്ച എജ്യുക്കേഷൻ ബോർഡിന് കീഴിലുള്ള കോഴ്സായിരിക്കണം. പ്ലസ്ടുവിൽ മാത്സ്, ഫിസിക്സ് എന്നീ വിഷയങ്ങൾ പഠിച്ചിരിക്കണം. അപേക്ഷകർ 2000 ഓഗസ്റ്റ് ഒന്നിനും 2004 ജൂലായ് 31നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്)
എസ്.എസ്.എൽ.സി.യാണ് യോഗ്യത. കൗൺസിൽ ഓഫ് ബോർഡ്സ് ഫോർ സ്കൂൾ എജ്യുക്കേഷൻ (സി.ഒ.ബി.എസ്.ഇ.) അംഗീകരിച്ച എജ്യുക്കേഷൻ ബോർഡിന് കീഴിലുള്ള കോഴ്സായിരിക്കണം. അപേക്ഷകർ 2000 ഒക്ടോബർ ഒന്നിനും 2004 സെപ്റ്റംബർ 30നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
യാന്ത്രിക്
പത്താം ക്ലാസും ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) എൻജിനിയറിങ് എന്നിവയിലേതിലെങ്കിലുമുള്ള മൂന്നോ നാലോ വർഷത്തെ ഡിപ്ലോമയുമാണ് യോഗ്യത. അല്ലെങ്കിൽ പത്താം ക്ലാസും പ്ലസ്ടുവും പാസായിരിക്കണം. ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) എൻജിനിയറിങ് എന്നിവയിലേതിലെങ്കിലുമുള്ള രണ്ടോ മൂന്നോ വർഷത്തെ ഡിപ്ലോമയുമാണ് യോഗ്യത. പത്താം ക്ലാസ് കൗൺസിൽ ഓഫ് ബോർഡ്സ് ഫോർ സ്കൂൾ എജ്യുക്കേഷൻ (സി.ഒ.ബി.എസ്.ഇ.) അംഗീകരിച്ച എജ്യുക്കേഷൻ ബോർഡിന് കീഴിലുള്ളതും ഡിപ്ലോമ എ.ഐ.സി.ടി.ഇ. അംഗീകരിച്ച കോഴ്സുമായിരിക്കണം. ബന്ധപ്പെട്ട ഡിപ്ലോമ കോഴ്സിന് തത്തുല്യമായതും അംഗീകരിക്കും. അപേക്ഷകർ 2000 ഓഗസ്റ്റ് ഒന്നിനും 2004 ജൂലായ് 31നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.
പരീക്ഷ
നാലുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഒന്നാംഘട്ടത്തിൽ എഴുത്തുപരീക്ഷയാണ്. ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. തെറ്റായ ഉത്തരത്തിന് നെഗറ്റീവ് മാർക്കില്ല. ഇതിൽ വിജയിക്കുന്നവർക്ക് രണ്ടാംഘട്ടത്തിൽ പങ്കെടുക്കാം. ഇതിൽ പങ്കെടുക്കും മുൻപ് ആവശ്യപ്പെടുന്ന രേഖകൾ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം.
ഒന്നോ രണ്ടോ ദിവസം നീളുന്നതാകും രണ്ടാംഘട്ടം. ഇതിൽ ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, ആരോഗ്യപരിശോധന, സർട്ടിഫിക്കറ്റ് പരിശോധന എന്നിവ ഉൾപ്പെടും. ഏഴ് മിനിറ്റിനുള്ളിൽ 1.6 കിലോമീറ്റർ ഓട്ടം, 20 സ്ക്വാറ്റ് അപ്സ്, 10 പുഷ് അപ് എന്നിവ മൂന്നും ഫിസിക്കൽ ടെസ്റ്റിന്റെ ഭാഗമായി ചെയ്യണം. ഒന്ന്, രണ്ട് ഘട്ടങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് മൂന്നാംഘട്ടത്തിലേക്ക് പ്രവേശനം ലഭിക്കും. മൂന്നാംഘട്ടത്തിൽ വീണ്ടും സർട്ടിഫിക്കറ്റ് പരിശോധനയും ആരോഗ്യക്ഷമതാപരിശോധനയുമുണ്ടാകും. നാലാംഘട്ടത്തിൽ സമർപ്പിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ അധികൃതർ ശരിയാണെന്ന് ഉറപ്പുവരുത്തും.
അപേക്ഷകർക്ക് കുറഞ്ഞത് 157 സെന്റീമീറ്റർ ഉയരം വേണം. ലക്ഷദ്വീപ് പോലുള്ള ചില സ്ഥലങ്ങളിലുള്ളവർക്ക് ഇതിൽ ഇളവുകളുണ്ട്. ഉയരത്തിനും വയസ്സിനുമനുസരിച്ചുള്ള ഭാരം വേണം. നെഞ്ചിന്റെ വികാസം അഞ്ച് സെന്റിമീറ്റർ ഉണ്ടാകണം.
അപേക്ഷ
എല്ലാ തസ്തികയിലും സംവരണവിഭാഗത്തിലെ സീറ്റുകളിലേക്ക് അപേക്ഷിക്കാൻ എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവയസ്സിന്റെയും ഒ.ബി.സി. (നോൺ ക്രീമിലെയർ) വിഭാഗക്കാർക്ക് മൂന്നുവയസ്സിന്റെയും ഇളവുണ്ട്. ആരോഗ്യക്ഷമതയും നിശ്ചിത ഉയരവും ഭാരവും ആവശ്യമാണ്. http://www.joinindiancoastguard.cdac.in വഴി ജനുവരി നാലുമുതൽ അപേക്ഷിക്കാം. ഒരാൾക്ക് ഒരു തസ്തികയിലേക്ക് മാത്രം അപേക്ഷിക്കാം. അവസാനതീയതി: 2022 ജനുവരി 14.