സംസ്ഥാനത്തെ 2023-24 അദ്ധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT – Bachelor of Hotel Management and Catering Technology) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കേരള എച്ച്.എസ്.ഇ ബോർഡ് നടത്തുന്ന ഹയർ സെക്കൻഡറി പരീക്ഷ (10+2), അല്ലെങ്കിൽ തത്തുല്യമായി അംഗീകരിച്ച പരീക്ഷകൾ വിജയിച്ചിരിക്കണം അല്ലെങ്കിൽ സമാനമായ മേഖലയിൽ ഡി.വോക് വിജയിച്ചിരിക്കണം. അപേക്ഷിക്കാനുള്ള മിനിമം യോഗ്യത മാർക്ക് അതാതു കോളേജുകൾ അഫിലിയേറ്റ് ചെയ്തിരിക്കുന്ന യൂണിവേഴ്‌സിറ്റികൾക്കനുസരിച്ചു വ്യത്യസ്തമാകാം. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ BHMCT കോഴ്‌സിന് ചേരാൻ അർഹതയുണ്ടാവുകയുള്ളു.
തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് പ്രവേശന പരീക്ഷ നടത്തും. പരീക്ഷ തീയതി പിന്നീട് അറിയിക്കും. പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്‌സിലേക്കുള്ള പ്രവേശനം. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി ഏപ്രിൽ 30 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പണം 2024 മെയ് 1 വരെ. പൊതുവിഭാഗത്തിന് 1200 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 600 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങൾ മേൽപ്പടി വെബ്സൈറ്റിൽ കൂടി ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാ ഫീസ് അടയ്ക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560327.