അമ്പലപ്പുഴ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അടിസ്ഥാന യോഗ്യതയുള്ള ആലപ്പുഴ ജില്ലക്കാര്‍ക്കായി ‘ഉണര്‍വ്’ തൊഴില്‍ മേള ( VHSE Unarv Job Fair 2024) സംഘടിപ്പിക്കുന്നു. 2024 ഫെബ്രുവരി 24-ന് അമ്പലപ്പുഴ ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ നടക്കുന്ന മേള എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പൊതു വിദ്യാഭ്യാസ വകുപ്പ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗവും ആലപ്പുഴ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായി സംഘടിപ്പിക്കുന്ന മേളയില്‍ 200-ല്‍ പരം തസ്തികകള്‍ ഉണ്ടാകും. 20 കമ്പനികള്‍ പങ്കെടുക്കും.
ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. തൊഴില്‍ മേളയോടൊപ്പം ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ വി.എച്ച്.എസ്.ഇ. വിദ്യാര്‍ഥികളുടെ സ്വയം തൊഴില്‍ സാദ്ധ്യതകള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ ഷാജു തോമസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ വി.എച്ച്.എസ്. സ്‌കൂളുകള്‍ വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ അവസരം. പങ്കെടുക്കാന്‍ യോഗ്യത നേടിയവര്‍ക്കുള്ള പ്രവേശന പത്രിക രജിസ്റ്റര്‍ ചെയ്ത സ്‌കൂളില്‍ നിന്നും 22-ന് വിതരണം ചെയ്യും. പ്രവേശന പത്രികയുമായി രജിസ്‌ട്രേഷന്‍ കൗണ്ടറിലെത്തി രജിസ്റ്റര്‍ ചെയ്ത ശേഷം ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഒരാള്‍ക്ക് മൂന്ന് ഇന്റര്‍വ്യൂ കളില്‍ പങ്കെടുക്കാവുന്നതാണ്.