ലോകമെമ്പാടുമുള്ള തൊഴിൽദാതാക്കളെ കേരളത്തിലെ ഉദ്യോഗാർത്ഥികളുമായി ബന്ധിപ്പിക്കുന്ന പ്ലാറ്റ് ഫോം പരിചയപ്പെടുത്തി കെ ഡിസ്ക്. കേരള സർക്കാരിന്റെ കേരള നോളജ് ഇക്കണോമി മിഷൻ (കെകെഇഎം) ആരംഭിച്ച ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് “ഡിജിറ്റൽ വർക്ക്ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം” (ഡി ഡബ്ലിയു എം എസ്).
തൊഴിൽ അന്വേഷകരെയും തൊഴിൽദാതാക്കളെയും നൈപുണ്യ പരിശീലന ഏജൻസികളെയും ബന്ധിപ്പിക്കുവാൻ വികസിപ്പിച്ച ഓൺലൈൻ ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ഡി ഡബ്ലിയു എം എസ്. 18നും 59 നും ഇടയ്ക്ക് പ്രായമുള്ള അഭ്യസ്തവിദ്യരായ ആളുകൾക്ക് രജിസ്റ്റർ ചെയ്യാം. രജിസ്‌റ്റർ ചെയ്‌ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ കരിയർ മുൻഗണനകൾ മികച്ചതാക്കാനും പ്രൊഫൈലുകൾ മികവുള്ളതാക്കാനും അതുവഴി സ്വപ്ന ജീവിതം നേടാനും ഇതിലൂടെ കഴിയും.
ഡി ഡബ്ലിയു എം എസ് മൊബൈൽ ആപ്പിൽ രജിസ്ട്രേഷൻ പൂർത്തിയായാൽ പ്രൊഫൈലിനെ അടിസ്ഥാനമാക്കി ഡാഷ്‌ബോർഡിൽ ജോലികളുടെ സാധ്യതകൾ കാണാനാകും. സ്വയം വിലയിരുത്തി ഇഷ്ടമുള്ള ജോലി തെരഞ്ഞെടുക്കാം.
യോഗ്യതയും കഴിവും അനുസരിച്ചുള്ള തൊഴിൽ, വൈദഗ്ധ്യ തൊഴിലുകളിൽ പരിശീലനം, സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ, വ്യക്തിത്വവികാസ പരിശീലനത്തിനുള്ള അവസരം, കമ്മ്യൂണിക്കേഷൻ സ്കിൽ, ഇന്റർവ്യൂ സ്കിൽ, തൊഴിൽ പരിശീലനത്തിനുള്ള സ്കോളർഷിപ്പ്, ഫ്രീലാൻസ് പാർട്ട് ടൈം ജോലികൾ തുടങ്ങിയ സേവനങ്ങൾ ഡി ഡബ്ലിയു എം എസ് എന്ന ആപ്പിലൂടെ ലഭിക്കും. സംസ്ഥാനത്തെ തൊഴിലന്വേഷകർക്ക് നൈപുണ്യ പരിശീലനം നൽകി സ്വകാര്യ മേഖലയിൽ വിജ്ഞാന തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്നതാണ് ഡി ഡബ്ല്യു എം എസ് ഇന്ത്യ ലക്ഷ്യം.