ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കായുളള നോർക്ക-യു.കെ കരിയർ ഫെയറിന്റെ രണ്ടാഘട്ടത്തിന് നാളെ തുടക്കമാകും. 2023 മെയ് 4 മുതൽ 6 വരെ എറണാകുളം താജ് ഗെയ്റ്റ് വേ ഹോട്ടലിലാണ് ഫെയർ നടക്കുക. കരിയർ ഫെയർ നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. ജനറൽ മാനേജർ അജിത്ത് കോളശ്ശേരി. റിക്രൂട്ട്മെന്റ് മാനേജർ ശ്യാം.ടി.കെ, വെയിൽസിൽ നിന്നുൾപ്പടെയുള്ള യു.കെ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.
യു. കെ. യിലെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും വിവിധ എൻ എച്ച് എസ് ട്രസ്റ്റു ആശുപത്രികളിലേക്ക് നഴ്സുമാർ, ജനറൽ മെഡിസിൻ, അനസ്തെറ്റിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നീ സ്പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടർമാർ എന്നീ വിഭാഗങ്ങളിലേക്കാണ് അഭിമുഖങ്ങൾ നടക്കുക. റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ണ്ണമായും യു.കെ യിലെ റിക്രൂട്ട്‌മെന്റ് പ്രതിനിധികളുടെ മേല്‍നോട്ടത്തിലാകും നടക്കുക.
സൈക്യാട്രി , അനസ്തേഷ്യ , ജനറൽ മെഡിസിൻ , എന്നീ സ്പഷ്യാലിറ്റികളിലേയ്ക്കുള്ള ഡോക്ടർമാർ , നഴ്സുമാർ എന്നിവവർക്കായുള്ള അഭിമുഖമാണ് നാളെ നടക്കുക. നോർക്കയിൽ നിന്നുള്ള അറിയിപ്പുകൾ ഉദ്യോഗാർത്ഥികൾക്ക് ഇതിനോടകം നൽകിയിട്ടുണ്ട്.
യു.കെ യിൽ എൻ.എച്ച്.എസ് (നാഷണൽ ഹെൽത്ത് സർവ്വീസസ്) സേവനങ്ങൾ ലഭ്യമാക്കുന്ന ഹംബർ ആൻഡ് നോർത്ത് യോർക്ക്ഷയർ ഹെൽത്ത് ആൻഡ് കെയർ പാർട്ടണർഷിപ്പും യു.കെ യിലെ മാനസിക ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന അംഗീകൃത സംഘടനയായ നാവിഗോയും വെയിൽസ് സർക്കാരിന്റെ പ്രതിനിധികളും ഫെയറിൽ പങ്കെടുക്കുന്നുണ്ട്.
നോർക്ക യു.കെ കരിയർ ഫെയറിന്റെ ആദ്യഘട്ടം 2022 നവംബര്‍ 21 മുതല്‍ 25 വരെ എറണാകുളത്ത് നടന്നിരുന്നു. ഇതിൽ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ ആദ്യസംഘം യു.കെ യിലെത്തി.
കൂടുതല്‍ വിവരങ്ങള്‍ക്ക്
www.nifl.norkaroots.org എന്ന വെബ്ബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. ഇന്ത്യയില്‍ നിന്നും 18004253939, വിദേശത്തുനിന്നും +91-8802012345 (മിസ്സ്ഡ് കോള്‍ സര്‍വ്വീസ് )